ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്.
നിരവധി തവണ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷയ്ക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും അഭിജീത്ത് പ്രതികരിച്ചു. ഇതിന്റെ സ്ക്രീൻഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ടിന് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഐടി ആക്ടിലെ സെക്ഷൻ 69(എ) പ്രകാരമാണ് അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ എക്സിന് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. സിജെപിയുടെ ആദ്യ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിയെങ്കിലും രണ്ടാമത് തുടങ്ങിയ അക്കൗണ്ട് പതിനായിരങ്ങളാണ് ഫോളോ ചെയ്യുന്നത്.
തൊഴിലില്ലാത്ത യുവാക്കളെ വിമർശിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിനു പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബോസ്റ്റണ്‍ സർവകലാശാലാ വിദ്യാർഥിയാണ് അഭിജീത് ദിപ്കെ.